An Indian voting story.

Gokullive Blog Team


ഒരു പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ നേതാവ് പെട്ടെന്ന് മരിച്ചു. മരണം കഴിഞ്ഞാൽ സ്വർഗ്ഗവും നരകവും ഉണ്ടെന്ന് അറിയാമായിരുന്ന അദ്ദേഹത്തിന്റെ ആത്മാവ് ആദ്യം കണ്ട സ്വർഗത്തിലേക്കുള്ള ലിഫ്റ്റിൽ ഇടിച്ചു കയറി.


സ്വർഗ്ഗത്തിന്റെ വാതിലിൽ എത്തിയപ്പോൾ പക്ഷെ ഒരു മാലാഖ അവിടെ കാവൽ നിൽക്കുന്നു.🧚


ഞാൻ ഭൂമിയിൽ ഏറ്റവും പ്രശസ്തനായ വ്യക്തി ആയിരുന്നു എന്നും, തനിക്ക് സ്വർഗത്തിലും അതേ പോലെ പ്രധാന റോൾ കിട്ടണമെന്നും നമ്മുടെ നേതാവ് മാലാഖയോട് പറഞ്ഞു.


പക്ഷെ മാലാഖയുടെ മറുപടി ഇങ്ങനെ..


"ഇവിടെ ഞങ്ങൾ ഭൂമിയിലെ കാര്യങ്ങൾ ഒക്കെ പരിശോധിക്കുന്നത് നിർത്തി, ഇപ്പോൾ പുതിയൊരു റൂൾ തുടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് ഒരു ദിവസം സ്വർഗത്തിലും ഒരു ദിവസം നരകത്തിലും ചിലവഴിക്കാൻ അവസരം തരും. അതിന് ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലം ഏതെന്ന് സ്വയം തീരുമാനിക്കാം. ഒരു തവണ തീരുമാനം എടുത്താൽ പിന്നെ മാറ്റാൻ കഴിയില്ല"


നേതാവ് പറഞ്ഞു.


"എനിക്ക് നരകം ചെക്ക് ചെയ്യേണ്ട, ഞാൻ ഇപ്പോഴേ സ്വർഗം തിരഞ്ഞെടുത്തിരിക്കുന്നു. വാതിൽ തുറന്നു തന്നോളൂ'


"അത് പറ്റില്ല, ഞങ്ങൾക്ക് ഇവിടെ നിയമങ്ങൾ ഉണ്ട്, അത് പാലിച്ചെ പറ്റൂ" 


"നിയമങ്ങൾ ഒക്കെ അണികൾക്ക് വേണ്ടി ഉള്ളതാണ്, ഞാൻ ഇത് പോലെ എത്ര കണ്ടിരിക്കുന്നു. തനിക്ക് എന്താ വേണ്ടത് എന്ന്‌ പറ, അത് ഞാൻ വേണ്ട രീതിയിൽ ചെയ്ത് തരാം'"


"അതൊക്കെ ഭൂമിയിൽ, ഇവിടെ നടക്കില്ല, ഞങ്ങൾക്ക് മുകളിൽ നിന്നുള്ള ഉത്തരവ് ഉണ്ട്, അത് ഞങ്ങൾ നടപ്പാക്കും'


"ഈ മുകളിൽ നിന്ന് ഓർഡർ തരുന്ന കക്ഷിയെ എനിക്കൊന്നു കാണാൻ പറ്റുമോ? അങ്ങേരെ ഞാൻ മാനേജ് ചെയ്യാം"


"അത് നടപ്പില്ല, അദ്ദേഹം പറഞ്ഞാൽ പറഞ്ഞതാണ്, ഒരു മാറ്റവും ഉണ്ടാവില്ല"


"ഈ കക്ഷി രാവിലെ പ്രഭാത സവാരി നടത്താറുണ്ടോ?, അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ താമസിക്കുന്ന സ്വഭാവക്കാരനാണോ? അങ്ങിനെ എങ്കിൽ ഈസി ആയി കൈകാര്യം ചെയ്യാം. അതിന് പറ്റിയ പാർട്ടി എന്റെ കൈയ്യിൽ ഉണ്ട്, ഞാൻ വിളിച്ചാൽ ഇപ്പോൾ ഇവിടെ എത്തും"


ഇത്രയും ആയപ്പോൾ മാലാഖയുടെ ക്ഷമ നശിച്ചു.


"എടോ, എന്നെ ഇനി ദേഷ്യം പിടിപ്പിച്ചാൽ തന്നെ ഞാൻ ഇപ്പോഴേ നരകത്തിലേക്ക് തട്ടും, എന്താ വേണ്ടതെന്ന് താൻ തീരുമാനിക്ക്"


നിവർത്തികേട് കൊണ്ട് നമ്മുടെ നേതാവ് അവിടുത്തെ നിയമം അനുസരിക്കാൻ നിർബന്ധിതനായി. മാലാഖയുടെ പേരും ID നമ്പരും മനസിൽ കുറിച്ചിട്ടു. പിന്നെ പണി കൊടുക്കാമല്ലോ. നമ്മൾ ഇതുപോലെ എത്ര എണ്ണത്തിനെ കൈകാര്യം ചെയ്തിരിക്കുന്നു.


"ശരി, എങ്കിൽ ഞാൻ ആദ്യം നരകത്തിൽ ഒരു ദിവസം കഴിഞ്ഞിട്ട് വരാം"


മാലാഖ അദ്ദേഹത്തേ നരകത്തിലേക്ക് പോകുന്ന ലിഫ്റ്റിൽ കയറ്റി വിട്ടു. കുത്തനെ താഴേക്ക് പോയ ലിഫ്റ്റ് നരകത്തിന്റെ വാതിൽക്കൽ എത്തി.


പ്രതീക്ഷക്ക് വിപരീതമായി കോട്ടും സൂട്ടുമിട്ട ഒരു ചെകുത്താൻ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്. വെൽക്കം ഡ്രിങ്ക് ആയി കുങ്കുമപ്പൂവ്, കേസർ, പിസ്ത എന്നിവ കലക്കിയ ഒരു വലിയ ഗ്ലാസ് പാല് കൊടുത്തു. ഒരു പറ്റം ക്യാമറക്കാർ നിന്ന് ഫോട്ടോകൾ എടുത്തു.


അകത്ത് കയറിയപ്പോൾ അതാ മുഴുവനും പരിചയക്കാർ, പാർട്ടിക്കാർ, പണ്ട് കാലു വാരിയവർ പോലും ഓടി വന്ന് കെട്ടിപ്പിടിച്ചു. എല്ലാവരും വലിയ സന്തോഷത്തിൽ. ഒരു വശത്ത് പാട്ടും നൃത്തവും നടക്കുന്നു, ഒരു വലിയ മൈതാനം നിറയെ പലതരം ഗെയിമുകൾ..


ഉച്ചക്ക് ഭക്ഷണത്തിന് കശുവണ്ടി പൊടി ചേർത്ത് കുഴച്ച മാവിന്റെ റൊട്ടി, തായ്‌വാൻ കൂണിന്റെ സബ്ജി, ഗുജറാത്തി മിട്ടായി..


ഒരു വലിയ കെട്ടിടം നിറയെ വസ്ത്ര ശേഖരം, ഏത് വേണമെങ്കിലും ഇടാം, ഇഷ്ടം പോലെ മാറാം..


ഒരു ദിവസം എങ്ങിനെ കഴിഞ്ഞു എന്ന് അറിഞ്ഞില്ല, പിറ്റേ ദിവസം ആയപ്പോൾ ചെകുത്താൻ അദ്ദേഹത്തെ സ്വർഗത്തിലേക്കുള്ള ലിഫ്റ്റിൽ കയറ്റി വിട്ടു.


സ്വർഗ്ഗവും മനോഹരമായിരുന്നു, പക്ഷെ പരിചയക്കാരെ ആരെയും കാണാൻ കിട്ടിയില്ല, ഭൂമിയിൽ ആയിരുന്നപ്പോൾ ബദ്ധ ശത്രുവിനെ പോലെ കരുതിയിരുന്ന ചിലരെ കണ്ടു. നല്ല സുഖ ശീതളമായ സ്ഥലം. എല്ലാവരും സ്വർഗീയാനന്ദത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ദിവസം മുഴുവനും അവിടെ ഒക്കെ കറങ്ങി നടന്നു.


പിറ്റേന്ന് രാവിലെ മാലാഖ എത്തി.


"ശരി ഇനി തീരുമാനം പറയൂ. സ്വർഗം വേണോ അതോ നരകം വേണോ?"


"സ്വർഗ്ഗം ഇഷ്ടമായി, പക്ഷെ നരകവും വളരെ മനോഹരമാണ്, തന്നെയുമല്ല സുഹൃത്തുക്കൾ ഒക്കെ അവിടെ ആണ്, അതുകൊണ്ട് ഞാൻ നരകം തിരഞ്ഞെടുക്കുന്നു."


മാലാഖ ഒരു സ്വിച്ച് അമർത്തി..


ടിഷ്യൂ...


നേതാവ് നിന്ന തറ തുറന്നു.. നേരെ തല കുത്തനെ താഴേക്ക് പതിച്ചു.. അങ്ങു താഴെ നരകത്തിൽ എരിഞ്ഞു തീരാറായ ഒരു തീക്കൂമ്പാരത്തിൽ ചെന്ന് വീണു.


പെട്ടെന്ന് ചാടി എഴുന്നേറ്റ് പുറത്ത് ചാടി നോക്കിയപ്പോൾ ചുറ്റും വലിയ ചിതകൾ.. കടുത്ത ചൂട്.. അതാ വരുന്നു ത്രിശൂലവുമായി മുൻപേ കണ്ട ചെകുത്താൻ..


"ഹേ... ഇതെന്ത് തെമ്മാടിത്തരമാണ്? മിനിയാന്ന് എന്നെ കാണിച്ച സ്ഥലം ഇതല്ലല്ലോ, എന്റെ സുഹൃത്തുക്കൾ എവിടെ? ഇത് ചീറ്റിങ്ങ് ആണ്"


"മിനിയാന്ന് ഞങ്ങൾ ഇലക്ഷൻ പ്രചാരണം നടത്തുക ആയിരുന്നു, അപ്പോൾ ഞങ്ങൾ അങ്ങിനെ പല ഉടായിപ്പുകളും പ്രയോഗിക്കും, ഇന്ന് നീ വോട്ടു ചെയ്തു. ഇനി നിനക്ക് ഇതാണ് വിധി. ചാടെടാ ആ ചിതയിലേക്ക്...."


(ശുഭം)🙏

ഗുണപാഠം.


😂വോട്ടു ചെയ്യുന്നതിന് മുൻപ് നന്നായി ചിന്തിക്കുക, ഉടായിപ്പു കളിൽ വീഴാതിരിക്കുക.😂

. . .
Gokullive Blog Team
By
Posted On :


Post Comments
Topics in this article
Share This Article