We must raise our voice; Not only for 'Her' but also for 'Him'.

Gokullive Blog Team



ഇന്ന് ഒരാൾ മാത്രമേ ബാക്കിയുള്ളൂ. മറ്റൊരാൾ മരണം സ്വയം വരിച്ച് മടങ്ങിപ്പോയി. മടങ്ങിപ്പോയത് ആൺകുട്ടിയായതിനാൽ പാട്രിയാർക്കിക്കൽ  പൊളിറ്റിക്കൽ കറക്ട്നെസോ സോഷ്യൽ ഓഡിറ്റിങ്ങോ ഒന്നും ഉണ്ടായില്ല. എഴുത്തിടങ്ങളിൽ അവനായി ആരും അക്ഷരങ്ങളാൽ ജ്വാല പടർത്തുന്നില്ല. കാരണം പൊതുബോധത്തിന് ഇന്നും ഗാർഹികപീഡനമെന്നാൽ പെണ്ണ് ഇരയും ആൺവർഗ്ഗം വേട്ടക്കാരനുമാണ്. മറിച്ചൊരു ചിന്ത ഇവിടെ പഥ്യമല്ല.


വെറും ഒരേ ഒരു മാസത്തെ ദാമ്പത്യം . പഠനകാലം മുതൽക്കേയുള്ള പ്രണയത്തിനു വൈവാഹിക പരിവേഷം ചാർത്തികിട്ടിയപ്പോൾ വില്ലൻ പണത്തിന്റെയും സമ്പത്തിന്റെയും വേഷത്തിലെത്തി. ഭാര്യയുടെയും അമ്മയുടെയും പിണക്കങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇടയിൽ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ ഒരു ഇരുപത്തിരണ്ടുകാരനു വീടിനേക്കാൾ ആശ്വാസം തോന്നിയത് മരണമായിരുന്നിരിക്കണം. അത് ആ മോൻ തിരഞ്ഞെടുത്തു. ഇവിടെ ആരാണ് കുറ്റക്കാർ ? ഇവിടെ അവനെ ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടത് ആര് ?


കഥ മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിലോ ?  അതായത് ആൺകുട്ടിക്ക് പകരം പെൺകുട്ടിയായിരുന്നു ആത്മഹത്യ ചെയ്തത് എങ്കിൽ സ്വയം തെരഞ്ഞെടുത്ത വഴിയായിരുന്നു ആത്മഹത്യയെങ്കിൽ പോലും ആ പെൺകുട്ടിയുടെ വശം മാത്രമേ നമ്മൾ ചിന്തിക്കുമായിരുന്നുള്ളൂ. അവളുടെ അച്ഛനമ്മമാരുടെ പതം പറച്ചിൽ മാത്രമേ നമ്മൾ കേൾക്കുമായിരുന്നുള്ളൂ.  അവളുടെ കഥകളിൽ കണ്ണീരും കിനാവും 

സമാസമം ചേർത്ത് ദിവസങ്ങളോളം വാർത്ത നല്കി റേറ്റിംഗ് കൂട്ടുമായിരുന്നു.

അവനെ നമ്മൾ ഇടം വലം വിടാതെ  പ്രതികൂട്ടിൽ നിറുത്തി ജനകീയ വിചാരണ ചെയ്യുമായിരുന്നു. അവന്റെ ജാതകം വരെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കുമായിരുന്നു. അവന്റെ വീട്ടുകാരെ ഒന്നടങ്കം അധിക്ഷേപിച്ച്‌ പുറത്തിറങ്ങാൻ പറ്റാത്തവിധം വിചാരണ തുടർന്നുകൊണ്ടേയിരിക്കുമായിരുന്നു. അവനും അവന്റെ വീട്ടുകാർക്കുമെതിരെ കൊലപാതകത്തിനൊപ്പം സ്ത്രീപീഡനം,ഗാർഹികപീഡനം തുടങ്ങിയ കുറ്റങ്ങളിൽ തുടങ്ങി മെയിൽ ഷൊവനിയസത്തിന്റെ എണ്ണമറ്റ സിദ്ധാന്തങ്ങളുമായി ക്യൂ നിന്നേനേ 


ഈ കഥയിൽ ആ മോൻ ആത്മഹത്യ ചെയ്തുകൊണ്ട് വെറും ഇരുപത്തിരണ്ട് വയസ്സുള്ള ജീവിതത്തിനു പൂർണ്ണവിരാമമിട്ടു. എന്നാൽ നമുക്ക് ചുറ്റിലും അവനെ പോലുള്ള എത്രയോ പുരുഷന്മാർ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുണ്ട്. പുറമേയ്ക്കു കണ്ണീർ വാർക്കുന്നത് പുരുഷ ജന്മത്തിനു ചേരാത്ത അൺറിട്ടൻ നിയമമായതിനാൽ ഉള്ളാലെ കണ്ണീർ വാർത്തു നീറി പുകയുന്ന അനേകം ആണുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. പൊതുസമൂഹത്തിലെ നടപ്പുരീതികളും നിയമങ്ങളും എല്ലാം വിമൻ ഫ്രണ്ട്ലി ആയതിനാൽ ഗാർഹിക പീഡനം അഥവാ domestic violence കാരണം ജീവിതം വഴി മുട്ടി നില്ക്കുന്ന ആൺ ജീവിതങ്ങളിലേയ്ക്കും നമ്മൾ വല്ലപ്പോഴുമെങ്കിലും എത്തി നോക്കണം. 


 എനിക്കൊപ്പം മാലദ്വീപിൽ  ജോലി ചെയ്തിരുന്ന ഉണ്ണി ഭാസ്കരൻ എന്ന അദ്ധ്യാപകന്റെ തകർന്ന ജീവിതത്തിനു ഞാൻ സാക്ഷിയാണ്. പെൺകുട്ടിയുടെ കാൻസർ രോഗം മറച്ചുവച്ച് പെൺ വീട്ടുകാർ നടത്തിയ വിവാഹം. കാരണം തകർന്നത് രണ്ട് ജീവിതങ്ങളാണ്. സാറിന്റെയും ആ പെൺകുട്ടിയുടെയും .!  വിവാഹം കഴിഞ്ഞ് മാലദ്വീപിൽ പെൺകുട്ടിയെ ഒപ്പം കൊണ്ടു പോയേ തീരൂവെന്ന പെണ്ണിന്റെ അച്ഛന്റെ വാശി കാരണം ചെറുകുടലിൽ കാൻസർ ബാധിച്ച സരികയ്ക്ക് ഫോളോ അപ്പ് ട്രീറ്റ്മെന്റുകൾ വൈകി. ദ്വീപിലെത്തിയ സരിക ഭക്ഷണം ഒന്നും കഴിക്കാത്തത് രോഗം കാരണമാണെന്ന് അറിയാത്ത ഉണ്ണി സാർ അതിന്റെ പേരിൽ സരികയോട് ദേഷ്യപ്പെടാൻ തുടങ്ങി. ഭക്ഷണം കഴിക്കാത്തതിനു വഴക്ക് പറയുന്നതിന്റെ വിഷമം കാരണമാണ് സരിക മിണ്ടാതെയിരിക്കുന്നതെന്നു സാറും കരുതി. കേവലം ഒരു മാസം കൊണ്ട് ശരീരം മെലിഞ്ഞ് നേരെ ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയപ്പോൾ എമർജൻസി ലീവെടുത്ത് സാർ സരികയെയും കൂട്ടി നാട്ടിലെത്തി. അപ്പോഴാണറിയുന്നത് ചെറുകുടലിനു കാൻസർ ബാധിതയായിരുന്നുവെന്നും നേരത്തെ ട്രീറ്റ്മെന്റ് ചെയ്തിരുന്നുവെന്നും ഒക്കെ . രോഗവിവരം മറച്ചുവച്ച് വിവാഹിതയാവേണ്ടി വന്നതിൽ തോന്നിയ കുറ്റബോധം കാരണം വിഷാദ രോഗത്തിനു അടിമപ്പെട്ടു ആ പെൺകുട്ടി . അഞ്ച് സഹോദരിമാരുള്ള ഉണ്ണി സാർ സരികയെ കൈവിട്ടില്ല.  തിരുവനന്തപുരത്തെ 

 കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ സരികയുടെ  ട്രീറ്റ്മെന്റ് തുടങ്ങി. സാറിന്റെ മാലദ്വീപിലെ അദ്ധ്യാപന വരുമാനം ഏറിയപങ്കും ചികിത്സയ്ക്ക് വേണ്ടി വന്നു. ട്യൂഷനും ഓവർ ടൈമും ഒക്കെ എടുത്താണ് പ്രാരാബ്ദമുള്ള സ്വന്തം വീടിന്റെ കാര്യങ്ങൾ സാർ നോക്കിയിരുന്നത്. ഞാൻ  നേരിട്ട് കണ്ട കാര്യങ്ങളാണിവ. പക്ഷേ  2014 ൽ സരിക മരിച്ചു. ഭാര്യയുടെ മരണ വിവരമറിഞ്ഞ് വാവിട്ടു പൊട്ടിക്കരഞ്ഞ ആ മനുഷ്യനെ ഞാനിന്നുമോർക്കുന്നു. അവർ  രോഗബാധിതയായി ആശുപത്രിയിൽ കിടന്നു മരിച്ചിട്ടു പോലും സാറിനെതിരെ ഗാർഹിക പീഡനം ചുമത്തി പരാതി നല്കാൻ മനസ്സു കാണിച്ച പെൺ വീട്ടുകാർക്ക് ഒറ്റ ലക്ഷ്യം മാത്രം - പണം . ആ അദ്ധ്യാപകൻ ഇന്നും മറ്റൊരു വിവാഹം കഴിക്കാതെ സരികയുടെ ഓർമകളിൽ കഴിയുന്നു. അയാൾക്ക് നഷ്ടമായത് അയാളുടെ ജീവിതമാണ്. ഒപ്പം എത്രയോ നാളുകൾ മറ്റുള്ളവരുടെ മുന്നിൽ ആ സാറിന്റെ വീട്ടുകാർ കുറ്റവാളികളുമായിരുന്നു.


ഗാർഹിക പീഡനമെന്നത് കേവലം വൺ സൈഡ് പ്രോസസ് അല്ല . അതൊരു ടൂ വേ പ്രോസസ് തന്നെയാണ്. വൈവാഹിക ജീവിതത്തിൽ വെന്തുരുകുന്ന പെൺജീവിതങ്ങൾ പോലെ എണ്ണമറ്റ ആൺജീവിതങ്ങളുമുണ്ട്.പെണ്ണ് തീരാബാധ്യതയും ദുരിതവുമായി ജീവിതം അവസാനിപ്പിക്കുന്ന ആണുങ്ങൾ ഇവിടെയുണ്ട്. പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരുണ്ട്. കൂടത്തായിയിലെ ജോളിയുടെ ഭർത്താവും ആസ്ത്രേലിയയിൽ കൊല്ലപ്പെട്ട സാം എബ്രഹാമും ഒക്കെ ഇക്കൂട്ടത്തിൽ പെടും. സ്ത്രീസുരക്ഷയെന്ന പഴുതുകളിലൂടെ രക്ഷപ്പെടാൻ സാധിക്കുന്ന സ്ത്രീക്രിമിനലിസത്തിന്റെ ഇരകളായി ജീവിതം  വഴി മുട്ടിപ്പോയ എത്രയോ ആണുങ്ങളുണ്ട്. വിവാഹം കഴിക്കുന്നത് തന്നെ വിവാഹമോചനത്തിനും, അതുവഴി നല്ലൊരു തുക അലിമോണി കിട്ടാനും വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകളുമുണ്ട്. സ്ത്രീപക്ഷവാദങ്ങൾക്കു മാത്രം കൈയ്യടിയും പിന്തുണയും നല്കുന്ന കേരളീയപൊതുസമൂഹത്തോട് ഒരുപാട് ചോദ്യങ്ങൾ ബാക്കി വച്ചാണ് ആ മോൻ ആത്മഹത്യ ചെയ്തിരിക്കുന്നത്.

Auther : Anju Parvathy

. . .
Gokullive Blog Team
By
Posted On :


Post Comments
Topics in this article
Share This Article