അടിമുടി മാറിയ കാലത്തെ, മറ്റേതോ കാലത്തേക്ക് പിന്നോക്കം കൊണ്ടുപോയി, സിവിലൈസേഷന്റെ സർവ്വ അടയാളങ്ങളെയും മായ്ച്ചു കളയാനുള്ള ഭ്രാന്തമായ വെമ്പൽ.
താലിബാൻ ഒരു മനോഭാവമാണ്.
രാഷ്ട്രീയാധികാരം പിടിക്കാൻ മതത്തെ ഉപയോഗിക്കുന്ന ഏർപ്പാട് മാത്രമല്ല അത്, മറ്റു മനുഷ്യരുടെ ജീവിതങ്ങളെ ആയുധമൂർച്ച കാണിച്ച് ബന്ദിയാക്കാനുള്ള ക്രിമിനൽ ത്വരയുടെ തികട്ടൽ കൂടിയാണത്. മനുഷ്യൻ കാലങ്ങളായി ആർജിച്ചെടുത്ത സംസ്കാരത്തെ മാറ്റിത്തീർത്ത് മറ്റെന്തോ ആക്കാനുള്ള പേപിടിച്ച കുതിപ്പ്.
ചോദ്യങ്ങളോ സംശയങ്ങളോ അല്ല, പൂർവ്വനിശ്ചയങ്ങളും മുൻവിധികളും ആണതിന്റെ വഴി. അതിനാലാണ് അഫ്ഗാനിലെ മനുഷ്യരുടെ ജീവിതത്തെ, മറ്റെല്ലാ ക്രിമിനൽ ആൾക്കൂട്ടങ്ങളെയും പോലെ നരകമാക്കാൻ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാത്തത്. പെണ്ണുടലിനെ കുറിച്ച് ബേജാറായി, അവരെങ്ങനെ നടക്കണം എന്തുടുക്കണം എങ്ങനെ ജീവിക്കണം എന്ന് തീർപ്പ് കൽപ്പിക്കാനുള്ള വെറിപിടിച്ച ആൺകോയ്മാ ബോധമാണതിന്റെ ഇന്ധനങ്ങളിലൊന്ന്. എന്നിട്ടും എന്തു കൊണ്ടാണ്, അതിനെ അനുകൂലിക്കാനും, ഒരു വിമർശനവും ഏൽക്കാത്ത വിധം അതിനെ സംരക്ഷിക്കാനും, അതിനുള്ള തൊടുന്യായം ചമയ്ക്കാനും ഇപ്പോഴും ആളുകൾ ഇങ്ങനെ തിക്കിത്തിരക്കുന്നത്?
താലിബാൻ മനോഭാവം വെറുതെ ഉണ്ടാവുന്നതല്ല. അധികാരത്തിൽ നിന്നും ആയുധങ്ങളിൽ നിന്നും ഉണ്ടാവുന്നതാണത്. മയക്കുമരുന്ന് കച്ചവടത്തിൽ നിന്നും നാടിനെ ഖനന കമ്പനികൾക്ക് വിറ്റു കിട്ടുന്ന അച്ചാരത്തിൽ നിന്നുമൊക്കെ കിട്ടുന്ന കാശ കൊണ്ട് ഉളുപ്പില്ലാതെ മതം പറയാൻ അവർക്ക് കഴിയുന്നത് തോക്കിന്റെ മാത്രം കരുത്തു കൊണ്ടാണ്. മതം നിഷിദ്ധമാക്കിയ കൊള്ളപ്പണം കൊണ്ട് തടിച്ചു വീർത്ത ഒരു ക്രിമിനൽ കൂട്ടം കാണിക്കുന്ന അസംബന്ധങ്ങളും കൊടുംക്രൂരതകളും കണ്ടിട്ടും അതിനെ എതിർക്കുന്നതിനു പകരം പലമാതിരി ന്യായീകരണങ്ങളും കൊണ്ട് ആ അശ്ലിലത്തെ മൂടിവെക്കാൻ ചിലർ നോക്കുന്നത് അതാണ്.
താലിബാനെതിരായ ഏത് വിമർശനത്തിനും കീഴിൽ, 'മതം എന്നാൽ താലിബാൻ അല്ല എന്നും താലിബാൻ കാണിക്കുന്നത് മതത്തിന്റെ അക്കൗണ്ടിൽ കൊണ്ടുവെക്കണ്ട' എന്നുമുള്ള കമന്റുകൾ കാണാറുണ്ട്. ആ ആർഗ്യുമെന്റ് ആവട്ടെ താലിബാനെ വിമർശിക്കുന്നതിനു എതിരായ ന്യായമായിട്ടാണ് സാധാരണയായി ഭവിക്കാറുള്ളത്.
നിഷ്കളങ്കമെന്നു പോലും തോന്നിപ്പിക്കുന്ന അത്തരം കമന്റുകൾ സത്യത്തിൽ പലരുടെയും ഉള്ളിലെ താലിബാൻ പ്രണയങ്ങളെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. താലിബാനല്ല മതം എന്നുറപ്പുണ്ടെങ്കിൽ പിന്നെന്താണ് നിങ്ങൾ താലിബാൻ ക്രൂരതകൾക്കെതിരെ വാ തുറക്കാത്തത്? മതത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന താലിബാനെതിരെ എന്ത് കൊണ്ടാണ് നാവുയരാത്തത്?
താലിബാൻ ചെയ്യുന്നതിന് മതത്തെയല്ല പറയേണ്ടത് എന്നുറപ്പുണ്ടെങ്കിൽ നിങ്ങളുടെ വാക്കുകൾ ഉയരേണ്ടത് താലിബാൻ എന്ന ആ ക്രിമിനൽ കൂട്ടത്തിന് എതിരെയല്ലേ? മതത്തെ അപമാനിക്കുന്നത് അവരല്ലേ?
നിങ്ങളുടെ നിലപാട് അതാണെങ്കിൽ, സ്വന്തം കുരുതികളെ മതത്തിന്റെ അക്കൗണ്ടിൽ കൂട്ടികെട്ടുന്ന താലിബാനെതിരെ അല്ലേ ആദ്യം നിലപാട് എടുക്കേണ്ടത്? മതത്തെ വൃത്തികെട്ട രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന താലിബാന്റെ നേർക്കല്ലേ ആദ്യം കാർക്കിച്ചു തുപ്പേണ്ടത്?
അങ്ങനെയൊന്ന് ചെയ്യാതെ, ആരെങ്കിലും താലിബാൻ വിരുദ്ധത പറയുമ്പോഴേക്കും അവർക്കെതിരെ ചാടിവീഴുന്നത് ആരെ രക്ഷിക്കാനാണ്?
ഉള്ളിനുള്ളിലെ താലിബാൻ പ്രണയത്തെ ഉച്ചാടനം ചെയ്യാതെയുള്ള ഇത്തരം ന്യായവാദങ്ങൾ അപഹാസ്യത അല്ലാതെ മറ്റൊന്നും ഉണ്ടാക്കുന്നില്ല.
Author: K. S. Saran.
By