1948 ജനുവരി 30; ഇന്ത്യൻ ചരിത്രത്തിലെ ഒരു കറുത്ത വെള്ളിയാഴ്ച.
![]() |
ബംഗാളിലെ നൗഖാലിയിൽ വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ, ആയിരക്കണക്കിന് സൈനികർക്ക് ചെയ്യാൻ കഴിയാത്തത് ഗാന്ധിജി തന്റെ അഹിംസാപരമായ സാന്നിധ്യം കൊണ്ട് സാധിച്ചപ്പോഴാണ് മൗണ്ട് ബാറ്റൺ ഗാന്ധിജിയെ ഇങ്ങനെ വിശേഷിപ്പിച്ചത്.
എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് അവകാശപ്പെടാൻ ലോകത്ത് ഒരാളേ ഉണ്ടായിരുന്നുള്ളു.
അത് ഗാന്ധിജി മാത്രമാണ്.
എന്നാൽ അദ്ദേഹത്തിൻ്റെ ചില പ്രവർത്തികൾ, ജീവിതത്തിലെ ചില ഏടുകൾ വിമർശ്വനത്തിന് വിധേയമായിട്ടുണ്ട്.
ഗാന്ധിജിയെ വധിച്ച ഗോഡ്സെ വിചാരണ വേളയിൽ കോടതിയിൽ പഞ്ഞതും ഒരു വിമർശനം ആയിരുന്നു.
ഗാന്ധിയോട് തനിക്ക് വ്യക്തിപരമായ വിരോധമില്ലെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടാണ് താൻ എതിർത്തതെന്നുമാണ് ഗോഡ്സെ അന്ന് പറഞ്ഞത്.
ഗാന്ധിജിയെ പോലെ ഒരു അഹിംസാവാദിയ മനുഷ്യനെ വധിക്കാൻ ഗോഡ്സെയെ പ്രേരിപ്പിച്ചത് എന്താണ്?
1947 ഓഗസ്റ്റ് 15.
ഡൽഹിയിലെ ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയരുമ്പോൾ, ഇന്ത്യയുടെ അതിർത്തിഗ്രാമങ്ങൾ ശ്മശാനതുല്യമായിരുന്നു. വെട്ടിമുറിക്കപ്പെട്ട ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തികളിലൂടെ പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് മനുഷ്യർ. ട്രെയിനുകളിൽ നിറയെ വെട്ടേറ്റ മൃതദേഹങ്ങൾ.
ഈ സമയത്ത്, ഡൽഹിയിലെ ആഡംബരങ്ങളിൽ നിന്ന് മാറി, എഴുപത്തിയെട്ട് വയസ്സുള്ള ഒരു വൃദ്ധൻ നഗ്നപാദനായി കലാപഭൂമികളിലൂടെ നടക്കുകയായിരുന്നു.
മോഹൻദാസ് കരംചന്ദ് ഗാന്ധി.
അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. പാകിസ്ഥാനിൽ ഹിന്ദുക്കളും സിഖുകാരും കൊല്ലപ്പെടുന്നു എന്നത് സത്യമായിരുന്നു. പക്ഷേ, അതിന് പകരം ഇന്ത്യയിൽ മുസ്ലീങ്ങളെ വേട്ടയാടുന്നതിനെ അദ്ദേഹം എതിർത്തു.
"കണ്ണിന് പകരം കണ്ണ് എന്ന് ചിന്തിച്ചാൽ ലോകം അന്ധമായിപ്പോകും" അദ്ദേഹം ഓർമ്മിപ്പിച്ചു.
ബംഗാളിലെ നവഖാലിയിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടന്നപ്പോൾ, അതിന് തിരിച്ചടിയായി ബീഹാറിൽ ഹിന്ദുക്കൾ മുസ്ലീങ്ങളെ വ്യാപകമായി ആക്രമിക്കാൻ തുടങ്ങിയപ്പോൾ "അക്രമം നിർത്തിയില്ലെങ്കിൽ ഞാൻ മരണം വരെ പട്ടിണി കിടക്കും" എന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
എന്നാൽ, വിഭജനത്തിൽ സർവ്വതും നഷ്ടപ്പെട്ട്, ഉറ്റവരെ കണ്മുന്നിൽ നഷ്ടപ്പെട്ട് പാകിസ്ഥാനിൽ നിന്ന് ഡൽഹിയിലെത്തിയ ലക്ഷക്കണക്കിന് ഹിന്ദു അഭയാർത്ഥികൾക്ക് ഗാന്ധിജിയുടെ ഈ നിലപാട് ഉൾക്കൊള്ളാനായില്ല. തണുപ്പുകാലത്ത് തലചായ്ക്കാൻ ഒരിടമില്ലാതെ, അവർ ഡൽഹിയിലെ ഒഴിഞ്ഞുകിടന്ന മുസ്ലീം പള്ളികളിൽ കയറിപ്പറ്റി.
എന്നാൽ "അത് ദൈവത്തിന്റെ ഭവനമാണ്, തിരിച്ചു കൊടുക്കൂ" എന്ന് പറഞ്ഞ് ഗാന്ധിജി പോലീസിനെക്കൊണ്ട് അവരെ ഒഴിപ്പിച്ചു. തെരുവിൽ വിറച്ചുറഞ്ഞ ആ അഭയാർത്ഥികളുടെ മനസ്സിൽ ഗാന്ധിജി ഒരു 'വില്ലൻ' ആയി മാറുകയായിരുന്നു.
അതിനിടയിലാണ് കാശ്മീരിൽ യുദ്ധം തുടങ്ങിയത്. പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുന്നു. ഈ സമയത്ത്, വിഭജന കരാർ പ്രകാരം പാകിസ്ഥാന് നൽകാനുള്ള 55 കോടി രൂപ തടഞ്ഞുവെക്കാൻ സർദാർ പട്ടേലും നെഹ്‌റുവും തീരുമാനിച്ചു.
"നമ്മളെ ആക്രമിക്കാൻ അവർക്ക് പണം നൽകേണ്ടതില്ല" എന്നതായിരുന്നു സർക്കാർ നിലപാട്.
എന്നാൽ ഗാന്ധിജി അത് സമ്മതിച്ചില്ല "വാക്ക് പാലിക്കണം. ഒരു രാജ്യം എന്ന നിലയിൽ നമ്മൾ മാന്യത കാണിക്കണം," അദ്ദേഹം വാശിപിടിച്ചു.
പണം നൽകിയില്ലെങ്കിൽ താൻ വീണ്ടും നിരാഹാരം തുടങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒടുവിൽ ഗാന്ധിജിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ വഴങ്ങി. 55 കോടി രൂപ പാകിസ്ഥാന് നൽകി.
ഇത് പൂനെയിലുള്ള ചില യുവാക്കളുടെ ക്ഷമയുടെ നെല്ലിപ്പലക തകർത്തു. നാഥുറാം വിനായക് ഗോഡ്സെ
നാരായൺ ആപ്തെ
ഹിന്ദു രാഷ്ട്ര' എന്ന പത്രത്തിന്റെ നടത്തിപ്പുകാരായ അവർക്ക് മുന്നിൽ ഗാന്ധിജി 'ഇന്ത്യയുടെ ശത്രുവായും പാകിസ്ഥാന്റെ പിതാവാ'യും മാറി.
ഗാന്ധിജിയുടെ നിലപാടുകൾ 'അഖണ്ഡ ഭാരതം' എന്ന ആശയത്തിന് തടസ്സമാണെന്ന് ഗോഡ്സെ ഉറപ്പിച്ചു.
ഗാന്ധിജിയെ വധിക്കാൻ അവർ തീരുമാനിച്ചു. ഗോഡ്സെയും ആപ്തെയും ഉൾപ്പെടെ ഏഴുപേർ ഡൽഹിയിലെത്തി. 1948 ജനുവരി 20 ആയിരുന്നു നിശ്ചയിച്ച ദിവസം. സ്ഥലം ഡൽഹിയിലെ ബിർള ഹൗസ്.
പ്രാർത്ഥനയ്ക്കിടെ മദൻലാൽ പഹ്വ എന്ന പഞ്ചാബി അഭയാർത്ഥി മതിൽക്കെട്ടിനടുത്ത് ബോംബ് വെച്ചു. വലിയ ശബ്ദത്തിൽ ബോംബ് പൊട്ടി. പുകപടലങ്ങൾ ഉയർന്നു. ജനങ്ങൾ ചിതറിയോടി. ആ ബഹളത്തിനിടയിൽ ഗാന്ധിജിയെ വെടിവെക്കുക എന്നതായിരുന്നു പദ്ധതി. പക്ഷേ, തോക്കേന്തിയ കൈകൾ വിറച്ചു. കൂടെയുണ്ടായിരുന്നവർ ഭയന്ന് ഓടിപ്പോയി. മദൻലാൽ മാത്രം പിടിയിലായി.
പോലീസ് മദൻലാലിനെ ചോദ്യം ചെയ്തു. ഗൂഢാലോചനയെക്കുറിച്ച് അയാൾ സൂചന നൽകി. പക്ഷേ, വിധി മറ്റൊന്നായിരുന്നു. പോലീസിന് ഗോഡ്സെയെയും കൂട്ടരെയും കണ്ടെത്താനായില്ല. അവർ ഡൽഹി വിട്ട് ഗ്വാളിയോറിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
ആ പരാജയം ഗോഡ്സെയെ കൂടുതൽ വാശിയുള്ളവനാക്കി. ഇനിയാർക്കും കാത്തുനിൽക്കില്ല. താൻ തന്നെ അത് ചെയ്യും.
അവർ ഗ്വാളിയോറിലെത്തി ഡോക്ടർ പർച്ചുറെയെ കണ്ടു. അവിടെ നിന്ന് ഇറ്റാലിയൻ നിർമ്മിതമായ, കറുത്ത നിറമുള്ള ഒരു 'ബെറെറ്റ' (Beretta M 1934) സെമി-ഓട്ടോമാറ്റിക് പിസ്റ്റൾ സംഘടിപ്പിച്ചു. ഏഴ് വെടിയുണ്ടകൾ കൊള്ളുന്ന മാരകായുധം.
ജനുവരി 29-ന് അവർ വീണ്ടും ഡൽഹിയിലെത്തി. ഡൽഹി റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമിൽ വെച്ച് അവർ അവസാന വട്ട ഒരുക്കങ്ങൾ നടത്തി.
1948 ജനുവരി 30.
അത് കറുത്ത വെള്ളിയാഴ്ച ആയിരുന്നു.
വൈകുന്നേരം 5 മണി.
സർദാർ വല്ലഭായി പട്ടേലുമായുള്ള ചർച്ച നീണ്ടുപോയതുകൊണ്ട് ഗാന്ധിജി പ്രാർത്ഥനയ്ക്ക് വരാൻ വൈകിയിരുന്നു.
സമയം 5 മണി കഴിഞ്ഞു 17 മിനിറ്റ്.
സഹായികളായ മനുവിന്റെയും ആഭയുടെയും തോളിൽ താങ്ങി, ഒരു കൊച്ചുകുട്ടിയെപ്പോലെ ചിരിച്ചുകൊണ്ട് ഗാന്ധിജി പ്രാർത്ഥനാ വേദിയിലേക്ക് നടന്നു.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് മുപ്പത്തി അഞ്ച് വയസ്സ് പ്രായമുള്ള ഒരു യുവാവ് മുന്നോട്ട് വന്നു.
ഗാന്ധിജിയുടെ മുന്നിൽ എത്തിയ അയാൾ തൻ്റെ പോക്കറ്റിൽ കയ്യിട്ട് പിസ്റ്റൾ ഭദ്രമാണെന്ന് ഉറപ്പിച്ചു.
"നമസ്തേ ബാപ്പു," അയാൾ ഗാന്ധിജിയുടെ മുന്നിൽ കൈകൂപ്പി.
ഗാന്ധിജിയുടെ കാലിൽ നമസ്ക്കരിക്കാനായി അയാൾ കുനിഞ്ഞു.
ഈ സമയം ഗാന്ധിജിയോട് ഒപ്പം ഉണ്ടായിരുന്ന മനു മുന്നിലേക്ക് കയറി ഗോഡ്സെയെ തടഞ്ഞു.
"ബാപ്പു ഇന്ന് ഏറെ വൈകിയിരിക്കുന്നു. നിങ്ങൾ വഴി മാറൂ" ഗോഡ്സെയെ തടഞ്ഞു കൊണ്ട് മനു പറഞ്ഞു.
ഗോഡ്സെ മനുവിനെ ഇടതുകൈ കൊണ്ട് തള്ളിമാറ്റി.
പോക്കറ്റിൽ നിന്ന് ആ കറുത്ത പിസ്റ്റൾ പുറത്തെടുത്തു.
വളരെ അടുത്തുനിന്ന് ഗാന്ധിജിക്കു നേരെ
പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ.
ഠേ... ഠേ... ഠേ!
മൂന്ന് തവണ വെടിയൊച്ച മുഴങ്ങി.
"ഹേ റാം..."
നെഞ്ചിലും വയറ്റിലും വെടിയേറ്റ ഗാന്ധിജി കൈകൂപ്പിയ നിലയിൽത്തന്നെ മണ്ണിലേക്ക് ഊർന്നു വീണു.
(ഹേ റാം എന്ന് അദ്ദേഹം ഉച്ചരിച്ചുവെന്നും ഇല്ല എന്നും പറയപ്പെടുന്നു).
ആ നിമിഷം, ഇന്ത്യയുടെ വെളിച്ചം അണഞ്ഞു.
ഗാന്ധിജി വീണയുടനെ അവിടെ വലിയൊരു നിശബ്ദത ഉണ്ടാണ്ടായി.
എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.
ഗോഡ്സെ ഓടിയില്ല.
"പോലീസ്, പോലീസ്" എന്ന് വിളിച്ചുകൊണ്ട് അയാൾ അവിടെത്തന്നെ നിന്നു.
ജനക്കൂട്ടം അയാളെ വളഞ്ഞു.
അവർ കൂട്ടം കൂടി അയാളെ ഉപദ്രവിച്ചു.
ഒടുവിൽ പോലീസ് അറസ്റ്റു ചെയ്തു.
ഇവിടെ പോലീസിൻ്റെയും സർക്കാരിൻ്റേയും വീഴ്ച കാണാതെ പോകരുത്.
1948 ജനുവരി 20 ന് ഗാന്ധിജിക്കു നേരെ ആദ്യ ആക്രമണം നടന്ന ശേഷം ബിർള ഹൗസിൽ സുരക്ഷ കൂട്ടിയിരുന്നില്ല.
അതുകൊണ്ടു തന്നെ പത്തു ദിവസങ്ങൾക്ക് ശേഷം ജനുവരി 30 ന് കൃത്യം നിർവ്വഹിക്കാൻ ഗോഡ്സെക്കും കൂട്ടർക്കും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
എന്നാൽ, വർഷങ്ങൾക്ക് ശേഷം ഈ സംഭവത്തിൽ വലിയൊരു ദുരൂഹത ഉയർന്നു വന്നു.
അത് നാലാമത്തെ വെടിയുണ്ട ആയിരുന്നു.
ഗോഡ്സെയുടെ തോക്കിൽ നിന്ന് മൂന്ന് വെടിയുണ്ടകളാണ് ഉതിർന്നത്. എന്നാൽ ഗാന്ധിജിയുടെ ശരീരത്തിൽ നാലാമതൊരു വെടിയുണ്ട കൂടി ഉണ്ടായിരുന്നുവെന്നും, അത് അവിടെയുണ്ടായിരുന്ന മറ്റൊരാൾ (രണ്ടാമത്തെ ഘാതകൻ) ഉതിർത്തതാണെന്നും ചിലർ വാദിച്ചു. ഗോഡ്സെയുടെ തോക്കിൽ ബാക്കിയുണ്ടായിരുന്ന നാല് തിരകൾ ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടി.
എന്നാൽ,
ചരിത്രം ഇതിനെ പിന്നീട് തിരുത്തി.
2017-ൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ വെച്ച് നടത്തിയ വിശദമായ പരിശോധനയിൽ ആ സത്യം വെളിപ്പെട്ടു.
ഗാന്ധിജിക്ക് ഏറ്റത് മൂന്ന് വെടിയുണ്ടകൾ മാത്രമാണ്. നാലാമത്തെ വെടിയുണ്ട എന്നത് ഒരു കെട്ടുകഥ മാത്രമായിരുന്നു. ഗോഡ്സെ തന്നെയായിരുന്നു ഏക ഘാതകൻ.
ഡൽഹിയിലെ ചെങ്കോട്ടയിൽ ഒരുക്കിയ പ്രത്യേക കോടതിയിൽ ചരിത്രപ്രസിദ്ധമായ വിചാരണ തുടങ്ങി.
പ്രതിക്കൂട്ടിൽ നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ, വിഷ്ണു കർക്കരെ, മദൻലാൽ പഹ്വ, ഗോപാൽ ഗോഡ്സെ, ശങ്കർ കിസ്തയ്യ, ദിഗംബർ ബഡ്ജെ (മാപ്പുസാക്ഷി), ഒപ്പം വിനായക ദാമോദർ സവർക്കറും.
കോടതിയിൽ ഗോഡ്സെ മാപ്പപേക്ഷിച്ചില്ല.
ജഡ്ജിയെ നോക്കി, "May It Please Your Honour" എന്ന വാക്കുകളോടെ തുടങ്ങിയ ദീർഘമായ പ്രസ്താവനയിൽ, താൻ എന്തിനാണ് ഗാന്ധിജിയെ കൊന്നതെന്ന് അയാൾ അക്കമിട്ടു നിരത്തി.
"ഗാന്ധിജി പാകിസ്ഥാന്റെ പിതാവാണ്... അദ്ദേഹം ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തി... 55 കോടി രൂപ നൽകിയത് രാജ്യദ്രോഹമാണ്"
ഗോഡ്സെയുടെ ശബ്ദം കോടതിയിൽ മുഴങ്ങി.
താൻ ചെയ്തത് രാജ്യത്തിന് വേണ്ടിയാണെന്ന് അയാൾ വാദിച്ചു.
ജസ്റ്റിസ് ആത്മചരൺ അഗർവാൾ വിധി പറഞ്ഞു.
നാഥുറാം ഗോഡ്സെക്കും നാരായൺ ആപ്തെക്കും വധശിക്ഷ.
മറ്റുള്ളവർക്ക് ജീവപര്യന്തം.
സവർക്കറെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
പുലർച്ചെ ഗോഡ്സെയെയും ആപ്തെയെയും വധശിക്ഷ നടപ്പാക്കാനായി കൊണ്ടുപോയി. അവർക്ക് ഭയമുണ്ടായിരുന്നില്ല. കയ്യിൽ ഭഗവദ് ഗീതയും, മനസ്സിൽ അഖണ്ഡ ഭാരതത്തിന്റെ ഭൂപടവും അവർ സൂക്ഷിച്ചിരുന്നു.
ഒരേ കയറിലാണ് അവർ രണ്ടുപേരും തൂങ്ങിയത്.
"അഖണ്ഡ ഭാരതം അമരമായിരിക്കട്ടെ" എന്ന മുദ്രാവാക്യത്തോടെ കഴുമരം അവരുടെ ജീവനെടുത്തു.
നാഥുറാം ഗോഡ്‌സെ കോടതിയിൽ നൽകിയ സുദീർഘമായ മൊഴിയാണ് 'May It Please Your Honour' എന്ന പുസ്തകത്തിന്റെ അടിസ്ഥാനം.
ഗാന്ധി വധക്കേസിന്റെ വിചാരണ വേളയിൽ തന്റെ ഭാഗം വിശദീകരിക്കാനായി ഗോഡ്‌സെ നടത്തിയ അഞ്ച് മണിക്കൂർ നീണ്ട പ്രസംഗമാണിത്. 150-ഓളം ഖണ്ഡികകളിലായി തയ്യാറാക്കിയ ഈ മൊഴിയിൽ, താൻ എന്തിനാണ് മഹാത്മാഗാന്ധിയെ വധിച്ചത് എന്നതിനെക്കുറിച്ച് ഗോഡ്‌സെ വിശദീകരിക്കുന്നു.
ഈ മൊഴിയിൽ, ഇന്ത്യ വിഭജിക്കപ്പെട്ടതിനും പാകിസ്ഥാൻ രൂപീകരണത്തിനും പ്രധാന ഉത്തരവാദി ഗാന്ധിയാണെന്ന് ഗോഡ്‌സെ ആരോപിക്കുന്നു.
ഗാന്ധിയുടെ നയങ്ങൾ ഹിന്ദുക്കളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം മുസ്ലിം വിഭാഗത്തോട് അമിതമായ ആനുകൂല്യം കാണിച്ചുവെന്നും ഗോഡ്‌സെ വാദിച്ചു.
വിഭജനത്തിന് ശേഷം പാകിസ്ഥാന് നൽകാനുണ്ടായിരുന്ന 55 കോടി രൂപ ഇന്ത്യ നൽകണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി നടത്തിയ നിരാഹാര സമരമാണ് തന്നെ ഈ കൃത്യത്തിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണമെന്ന് അദ്ദേഹം ഇതിൽ പറയുന്നു.
ഗോഡ്‌സെയുടെ ഈ മൊഴി പൊതുജനങ്ങളിൽ എത്തിയാൽ വർഗീയ ലഹളകൾക്ക് കാരണമാകുമെന്ന് ഭയപ്പെട്ട് അന്നത്തെ ഇന്ത്യൻ സർക്കാർ ഇതിന്റെ പ്രസിദ്ധീകരണം വർഷങ്ങളോളം നിരോധിച്ചിരുന്നു. പിന്നീട് 1960-കളിൽ കോടതി വിധിയിലൂടെയാണ് ഈ നിരോധനം നീങ്ങിയത്. ഗോഡ്‌സെയുടെ സഹോദരനായ ഗോപാൽ ഗോഡ്‌സെയാണ് ഇത് പിന്നീട് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്.
ഗോഡ്‌സെയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ, സവർക്കറുടെ സ്വാധീനം, ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തോടുള്ള വിയോജിപ്പ് എന്നിവ ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഗാന്ധിയോട് തനിക്ക് വ്യക്തിപരമായ വിരോധമില്ലായിരുന്നുവെന്നും എന്നാൽ തന്റെ രാഷ്ട്രീയ ബോധം അദ്ദേഹത്തെ വധിക്കാൻ തന്നെ നിർബന്ധിച്ചുവെന്നുമാണ് ഗോഡ്‌സെ ഇതിൽ സമർത്ഥിക്കാൻ ശ്രമിക്കുന്നത്.
അങ്ങനെ, വിഭജനത്തിന്റെ മുറിവുണക്കാൻ സ്നേഹം ആയുധമാക്കിയ ഗാന്ധിജിയും, വിഭജനത്തിന്റെ പക തീർക്കാൻ തോക്ക് ആയുധമാക്കിയ ഗോഡ്സെയും ചരിത്രത്തിന്റെ ഭാഗമായി. ആശയങ്ങളുടെ ആ പോരാട്ടം ഇന്നും അവസാനിച്ചിട്ടില്ല.

Join the conversation